✍️ അബ്ദുൽ ജബ്ബാർ കൊടക്                               


        ഒന്ന് സങ്കല്പിക്കാമോ...
ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. രാത്രി പന്ത്രണ്ടു മണിയായതറിയിച്ചുകൊണ്ട് ക്ളോക്ക് നിലവിളിക്കുന്നു...
ഒപ്പം ആരോ കോളിങ്ങ് ബെല്ലമർത്തിയ ശബ്ദവും. വാതിൽ തുറന്നു നോക്കുമ്പോ ഫേസ്ബുക്ക് , വാട്ട്സ്ആപ്പ്, യൂടൂബ് എന്ന് വേണ്ട , എല്ലാ നവ മാധ്യമങ്ങളും ബൊക്കെയും പിടിച്ചു നിൽക്കുന്നു ...!
പിന്നെ ആഘോഷമായി...
അടുക്കള അവരേറ്റെടുത്തു. അവർ തന്നെ നിങ്ങളുടെ കൂട്ടുകാരെയും കുടുംബക്കാരെയുമൊക്കെ വിളിച്ചു വരുത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് വീട് മുഴുവനും സജ്ജീകരിച്ചു കഴിഞ്ഞു. എവിടെ നോക്കിയാലും നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്തുക്കൾ മാത്രം. 

നിങ്ങൾ അത്ഭുതപ്പെട്ടോ... !
ഒരു മുൻപരിചയവും ഇല്ലാത്ത ആളുകൾ നിങ്ങളുടെ ജന്മദിനം അറിയുന്നു. വീട് കണ്ടെത്തി പുഷ്പങ്ങൾ സമ്മാനിക്കുന്നു. കൂട്ടുകുടുംബങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ചോദിക്കാതെ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ കാര്യങ്ങൾ സജ്ജീകരിക്കുന്നു. എന്തൊരു മറിമായമാണല്ലേ...!
സോഷ്യൽ മീഡിയകൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ ഇങ്ങനെതന്നെ സംഭവിക്കുമായിരുന്നു.
ചിന്തിച്ചു നോക്കിയേ... 
നിങ്ങളോട് ഏറ്റവും അടുത്ത ആളുകൾക്ക്  അറിയുന്നതിനേക്കാൾ സോഷ്യൽ മീഡിയകൾ നിങ്ങളെ മനസ്സിലാക്കിയിട്ടില്ലേ...!
എന്ത് കൊണ്ട്...?
മൊബൈലിനോട് കിന്നാരം പറഞ്ഞിരിക്കുന്നതിന്റെ പകുതി സമയമെങ്കിലും ബന്ധുക്കളുടെ കൂടെ ചെലവഴിക്കാറുണ്ടോ...?
ഇല്ല...
അപ്പോ, അവർക്ക് നമ്മുടെതോ നമുക്ക് അവരുടേതോ  ഇഷ്ടാനിഷ്ടങ്ങളറിയില്ല.
അത് തന്നെ...

ഇന്ന് വായനാദിനമാണ്...
വലിയ പുസ്തകങ്ങൾ വാങ്ങി വായിക്കണമെന്നൊന്നും പറയുന്നില്ല...
നിങ്ങളുടെ കൂടെയുള്ളവരെ വായിക്കാൻ ശ്രമിക്കുക.
നിങ്ങളെന്ന പുസ്തകത്തെ അവർക്കും തുറന്നു കൊടുക്കുക...
ജീവിതങ്ങളെക്കാൾ വലിയ പുസ്തകങ്ങളില്ല... 

ബന്ധങ്ങൾ പരസ്പരം
വായിച്ചാലും വളരും. 
വായിച്ചില്ലെങ്കിലും വളരും.
വായിച്ചാൽ വിളയും.
വായിച്ചില്ലെങ്കിൽ വളയും.

✍️ അബ്ദുൽ ജബ്ബാർ കൊടക്